Saturday, March 15, 2008

ചെങ്ങറ ഭൂസമരം: സംസ്ഥാനതല ഐക്യദാര്‍ഢ്യ സമ്മേളനം

സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു് ഭൂരഹിതകുടുംബങ്ങള്‍ പത്തനംതിട്ടയിലെ ചെങ്ങറ എസ്റ്റേറ്റില്‍ നടത്തുന്ന സമരം ഏഴുമാസത്തോളമായി തുടരുകയാണു്. ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്ന കേരളസര്‍ക്കാര്‍ സമരക്കാരെക്കുറിച്ച് കല്ലുവച്ച നുണകളാണു് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതു്.

99 വര്‍ഷത്തേക്ക് ഹാരിസണ്‍ മലയാളം ലിമിറ്റഡ് പാട്ടത്തിനെടുത്ത ഈ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതാണ്. സര്‍ക്കാര്‍ ഈ ഭൂമി പിടിച്ചെടുത്തു് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാണു് ചെങ്ങറ സമരം ആവശ്യപ്പെടുന്നതു്.

കേരളസര്‍ക്കാര്‍ 'വികസന' ആവശ്യങ്ങള്‍ക്ക് നിര്‍ലോഭം ഭൂമിനല്‍കിക്കൊണ്ടിരിക്കുന്ന കാലമാണിതു്. എന്നാല്‍ ഭൂരഹിതരായ കീഴാളജനത ഭൂമിയാവശ്യപ്പെട്ടു നടത്തുന്ന സമരത്തോടു് ജനാധിപത്യ സമീപനം പുലര്‍ത്താന്‍ വിമുഖതകാട്ടുന്ന സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍നിന്നു് ഒളിച്ചോടുകയാണു്. ഭൂവുടമകളാണു് അവിടെ സമരം നടത്തുന്നതെന്നും അവര്‍ നക്സലൈറ്റുകളും മാവോയിസ്റ്റുകളുമാണെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ പ്രസ്താവിച്ചിരിക്കുന്നു; അതിനു് യാതൊരു തെളിവും ആവശ്യമില്ലെന്നപോലെ!..

ചെങ്ങറ ഭൂസമരം കൃഷിയോഗ്യമായ ഭൂമിനല്‍കി പരിഹരിക്കണമെന്നാവശ്യപ്പെട്ടു് സമരത്തിനു് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു് മാര്‍ച്ച് 16 ഞായറാഴ്ച ഉച്ചയ്ക്കു് 2 മണിയ്ക്കു് കോഴിക്കോടു് പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പങ്കെടുക്കണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.

പ്രസംഗങ്ങള്‍
------------
എ.വാസു , കെ.അജിത, ബി.ആര്‍.പി.ഭാസ്കര്‍, കെ.ജി.ശങ്കരപ്പിള്ള, ഡോ.ജാനകി, കല്പറ്റ നാരായണന്‍, കെ.കെ.കൊച്ചു്, സിവിക്‍ ചന്ദ്രന്‍, എലിസബത്ത്, സണ്ണി എം കപിക്കാട്, പി.ഇ.ഉഷ, വി.ആര്‍.സുധീഷ്, ഡോ.കെ.ഗോപിനാഥന്‍, സുള്‍ഫത്ത്, എ.കെ.രാമകൃഷ്ണന്‍, ദീദി, അനില്‍കുമാര്‍ തിരുവോരത്ത്, മിനി സുകുമാര്‍, അഡ്വ. അനിലാ ജോര്‍ജ്ജ് , രേഷ്മ ഭരദ്വാജ്, എ.വി.ഷെറിന്‍, എസ്.സഞ്ജീവ്, ശ്രീജ, സുബ്രഹ്മണ്യന്‍, രഞ്ജിനി കൃഷ്ണന്‍, ദേവി

കണ്‍വീനര്‍മാര്‍
-------------
ഗാര്‍ഗി.എച്ച്, ഒ.പി.രവീന്ദ്രന്‍, രേഷ്മ ആര്‍, വിധു വിന്‍സന്റ്.

കൊച്ചു നോട്ടീസുകള്‍ക്കായി ഒരു ബ്ലോഗ്

സിവില്‍ സമൂഹങ്ങളുടെ രാഷ്ട്രീയബോധമാണു് ഏതൊരു സമൂഹത്തിന്റെയും അവകാശബോധത്തെ നിര്‍ണ്ണയിക്കുന്നതു്. നിരവധി മൈക്രോ മുന്നേറ്റങ്ങളും പ്രാദേശികമായ സമരങ്ങളും ഒക്കെ നിറഞ്ഞ കേരളത്തിന്റെ സിവില്‍സമൂഹത്തിന്റെ ജാഗ്രതയാണു് പേരുകേട്ട കേരളമോഡലിനെ സൃഷ്ടിച്ചതു് . സിവില്‍സമൂഹ ആവശ്യങ്ങളുടെ ഈ സജീവതയാണു് ഭൂപരിഷ്കരണം മുതലുള്ള നിരവധി ജനോന്‍മുഖ നിയമങ്ങളെ സൃഷ്ടിച്ചതും. പലപ്പോഴും സിവില്‍സമൂഹ രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചകളാകുന്നതു് കൊച്ചുപരിപാടികളുടെ സമരങ്ങളുടെ നോട്ടീസുകളാണു്. ഇത്തരം നോട്ടീസുകള്‍ സമാഹരിക്കാനുള്ള ഒരു ബ്ലോഗിവിടെ തുടങ്ങുന്നു.

താല്‍പ്പര്യമുള്ളവര്‍ക്കു് ഈ ശ്രമത്തില്‍ ഒന്നിച്ചു ചേരാവുന്നതാണു്. എനിക്ക് anivar അറ്റ് movingrepublic.org ല്‍ ഒരു മെയിലയയ്ക്കൂ..